എലിമെന്ററി, മൈ ഡിയർ റീഡേഴ്സ്…

പ്രിയപ്പെട്ട വായനക്കാർക്കു നന്ദി.  ഗുരുകുലവും ബുദ്ധിപരീക്ഷയും വായിക്കുന്ന നിങ്ങൾക്കു് ഒരു ബ്ലോഗു കൂടി.

ഈ ബ്ലോഗിൽ പേരു സൂചിപ്പിക്കുന്നതുപോലെ വളരെ ലഘുവും പ്രാഥമികവുമായ കാര്യങ്ങളാണ് ഏതാനും കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ ചുരുളഴിയുന്നതു്.  വായനക്കാരിൽ ഭൂരിപക്ഷവും ആളുകൾക്കും അറിയാവുന്നതോ അല്ലെങ്കിൽ അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ കിടന്നതോ ആയ ലളിതമായ വിവരങ്ങളും, വിജ്ഞാനശകലങ്ങളും, ചിന്തകളും, വിനോദങ്ങളും ചേർന്നതാണ് ഇത്.

വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും, ചുരുക്കം ചില സാഹിത്യകൃതികളും അടങ്ങിയ ഗുരുകുലം, ബ്ലോഗിലെ തമാശകൾ അടങ്ങിയ പസ്സിലുകൾ വിശകലനം ചെയ്യുന്ന ബുദ്ധിപരീക്ഷ എന്ന എന്റെ മറ്റു ബ്ലോഗുകളിൽ നിന്നു വിഭിന്നമായി, ഒരു പരമ്പരയായാണു് ഈ ബ്ലോഗ് വിഭാവനം ചെയ്തിരിക്കുന്നത്.

ഒരേ ലോകത്തെത്തന്നെ പലർ പല വിധത്തിലാണു കാണുന്നതു് എന്നതും ഇതിന്റെ പ്രതിപാദ്യവിഷയമാണ്.  വിഭിന്നാഭിപ്രായങ്ങളുള്ളവർ ഒരേ പ്രശ്നത്തോടു പ്രതികരിക്കുന്നതും ഒരേ സംഭവങ്ങളെ കണ്ടറിയുന്നതും തങ്ങൾ പറയുന്നതാണു ശരിയെന്നു വാദിക്കുന്നതും ഒക്കെ ഇതിൽ വിഷയങ്ങളായി വരുന്നു.  കറുപ്പിനും വെളുപ്പിനും ഇടയിൽ ചില വർണ്ണഭേദങ്ങളുണ്ട് എന്ന തിരിച്ചറിയലും ഇതിന്റെ ഭാഗമാണ്.

അപ്പൂസ് എന്ന എട്ടുവയസ്സുകാരനാണു് ഇതിലെ കേന്ദ്രകഥാപാത്രം.  മിടുക്കനാണെങ്കിലും അവന്റെ അച്ഛനമ്മമാരും അദ്ധ്യാപകരും വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒരു മിടുക്കനാവാൻ അവനു താത്പര്യമില്ല.  ലോകത്തെ കണ്ടുമനസ്സിലാക്കാൻ അവനു് അവന്റേതായ ചില രീതികളുണ്ട്.

അപ്പൂസിന്റെ അച്ഛൻ സുരേഷ് കേവലയുക്തിവാദിയാണ്.  ശാസ്ത്രീയമായ പഠനങ്ങളെയും, വസ്തുനിഷ്ഠമായ വാദങ്ങളെയും, നിഷ്പക്ഷമായ ചരിത്രപഠനത്തെയും പിന്തുണയ്ക്കുന്ന സുരേഷിനു് ഫിലോസഫി, സാഹിത്യം, ആത്മീയത, ഇൻസ്പിറേഷണൽ കഥകൾ തുടങ്ങിയവയിൽ കാര്യമായ താത്പര്യമില്ല.  ശാസ്ത്രസാഹിത്യപരിഷത്തിന്റെയും യുക്തിവാദസംഘടനയുടെയും പ്രവർത്തകൻ.  എഞ്ചിനീയർ.

അപ്പൂസിന്റെ അമ്മ രഞ്ജിനി ഈശ്വരവിശ്വാസിയാണ്.  എങ്കിലും താൻ അന്ധവിശ്വാസിയല്ല എന്നു് അഭിമാനിക്കുന്ന രഞ്ജിനി മാനവികതയെ പിന്തുണയ്ക്കുന്ന ഒരു ഉപകരണമായി മാത്രമേ ശാസ്ത്രത്തെ കാണുന്നുള്ളൂ.  സ്വന്തമായി ഒരു ബ്ലോഗില്ലെങ്കിലും, മലയാളത്തിലെ ബ്ലോഗുകൾ മിക്കവയും സ്ഥിരമായി വായിക്കുകയും മിക്കവാറും ബ്ലോഗുകളിൽ സ്ഥിരമായി കമന്റിടുകയും ചെയ്യുന്ന ആൾ.  ബ്ലോഗുകൾ കൂടാതെ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ടെലിവിഷൻ സീരിയലുകൾ തുടങ്ങിയവയിലും അപ്-റ്റു-ഡേറ്റ്.  ആർഷസംസ്കാരത്തിലും ഭാരതീയപൈതൃകത്തിലും ഏറെ അഭിമാനിക്കുന്ന രഞ്ജിനി, ജ്യോതിഷം, വാസ്തുവിദ്യ, ആയുർവേദം, സംസ്കൃതഭാഷ തുടങ്ങിയവയെപ്പറ്റി കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണെന്നു വിശ്വസിക്കുന്നു.

തികച്ചും വിഭിന്നമായ അഭിപ്രായങ്ങളുള്ള മാതാപിതാക്കളുടെ തർക്കങ്ങൾക്ക് സ്വീകാര്യമായ ഉത്തരം പലപ്പോഴും അപ്പൂസിനു കിട്ടുന്നതു് രാമതീർത്ഥൻ മാഷിന്റെ അടുത്തു നിന്നാണ്.  റിട്ടയേർഡ് മലയാളം അദ്ധ്യാപകനായ തീർത്ഥൻ മാഷാണു് അപ്പൂസിന്റെ ഏറ്റവും വലിയ സുഹൃത്ത്.  ഗാന്ധിയനും കവിയും സംസ്കൃതപണ്ഡിതനുമായ മാഷ് പക്ഷേ എല്ലാ കാര്യങ്ങളിലും തത്പരനാണ്.  കുട്ടികളോടു ചേർന്നു് ക്രിക്കറ്റു കളിക്കാനും, തന്റെ അഭിപ്രായങ്ങളോടു് എതിർപ്പുള്ളവരോടു സമചിത്തതയോടെ സംസാരിച്ചിരിക്കാനും, നാട്ടിലെ എല്ലാ സാംസ്കാരികപ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങാനും മാഷുണ്ട്.

ഇവരെക്കൂടാതെ  ഉപദേശിയായ അച്ചൻകുഞ്ഞ്, അപ്പൂസിന്റെ കളിക്കൂട്ടുകാർ, തീർത്ഥൻ മാഷിന്റെ മക്കൾ – അമേരിക്കയിൽ എഞ്ചിനീയറായ മകൻ, ഡൽഹിയിൽ ഗവേഷണം നടത്തുന്ന മകൾ – തുടങ്ങി പലരും ഇടയ്ക്കിടെ എത്തുന്നുണ്ട്.

ഡയലോഗ്സ് എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ ഗഹനമായ ശാസ്ത്രതത്ത്വങ്ങൾ വിശദീകരിക്കാൻ സംഭാഷണം ഉപയോഗിച്ച ഗലീലിയോ ആണു് ഇതിന്റെ പ്രചോദനം.  പരസ്പരം ബന്ധമുള്ള കഥാപാത്രങ്ങളുടെ സംഭാഷണം മൂലം സാമൂഹികപ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന മോളമ്മയുടെ ഇല്ലനക്കരി എന്ന ബ്ലോഗും.

എന്റെ മറ്റു ബ്ലോഗുകളെപ്പോലെ തന്നെ, ഇതിലും സമയം GMT-യിലാണു്.  സ്പാം ഫിൽട്ടറിംഗിനായി പുതിയ ഒരു പരീക്ഷണം നടത്തുന്നു.  അതു ശരിയായില്ലെങ്കിൽ മറ്റു ബ്ലോഗുകളെപ്പോലെ ന്യൂമറിക് കാപ്ച ഉപയോഗിക്കും.  വേർഡ്പ്രെസ്സ് 3.3 ആണു് ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം.

സോ, മൈ ഡിയർ റീഡേഴ്സ്, ഇറ്റ്സ് സോ എലിമെന്ററി…