എലിമെന്ററി, മൈ ഡിയർ റീഡേഴ്സ്…

പ്രിയപ്പെട്ട വായനക്കാർക്കു നന്ദി.  ഗുരുകുലവും ബുദ്ധിപരീക്ഷയും വായിക്കുന്ന നിങ്ങൾക്കു് ഒരു ബ്ലോഗു കൂടി.

ഈ ബ്ലോഗിൽ പേരു സൂചിപ്പിക്കുന്നതുപോലെ വളരെ ലഘുവും പ്രാഥമികവുമായ കാര്യങ്ങളാണ് ഏതാനും കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെ ചുരുളഴിയുന്നതു്.  വായനക്കാരിൽ ഭൂരിപക്ഷവും ആളുകൾക്കും അറിയാവുന്നതോ അല്ലെങ്കിൽ അറിഞ്ഞിട്ടും ശ്രദ്ധിക്കാതെ കിടന്നതോ ആയ ലളിതമായ വിവരങ്ങളും, വിജ്ഞാനശകലങ്ങളും, ചിന്തകളും, വിനോദങ്ങളും ചേർന്നതാണ് ഇത്.

വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും, ചുരുക്കം ചില സാഹിത്യകൃതികളും അടങ്ങിയ ഗുരുകുലം, ബ്ലോഗിലെ തമാശകൾ അടങ്ങിയ പസ്സിലുകൾ വിശകലനം ചെയ്യുന്ന ബുദ്ധിപരീക്ഷ എന്ന എന്റെ മറ്റു ബ്ലോഗുകളിൽ നിന്നു വിഭിന്നമായി, ഒരു പരമ്പരയായാണു് ഈ ബ്ലോഗ് വിഭാവനം ചെയ്തിരിക്കുന്നത്.

ഒരേ ലോകത്തെത്തന്നെ പലർ പല വിധത്തിലാണു കാണുന്നതു് എന്നതും ഇതിന്റെ പ്രതിപാദ്യവിഷയമാണ്.  വിഭിന്നാഭിപ്രായങ്ങളുള്ളവർ ഒരേ പ്രശ്നത്തോടു പ്രതികരിക്കുന്നതും ഒരേ സംഭവങ്ങളെ കണ്ടറിയുന്നതും തങ്ങൾ പറയുന്നതാണു ശരിയെന്നു വാദിക്കുന്നതും ഒക്കെ ഇതിൽ വിഷയങ്ങളായി വരുന്നു.  കറുപ്പിനും വെളുപ്പിനും ഇടയിൽ ചില വർണ്ണഭേദങ്ങളുണ്ട് എന്ന തിരിച്ചറിയലും ഇതിന്റെ ഭാഗമാണ്.

അപ്പൂസ് എന്ന എട്ടുവയസ്സുകാരനാണു് ഇതിലെ കേന്ദ്രകഥാപാത്രം.  മിടുക്കനാണെങ്കിലും അവന്റെ അച്ഛനമ്മമാരും അദ്ധ്യാപകരും വിഭാവനം ചെയ്യുന്ന രീതിയിലുള്ള ഒരു മിടുക്കനാവാൻ അവനു താത്പര്യമില്ല.  ലോകത്തെ കണ്ടുമനസ്സിലാക്കാൻ അവനു് അവന്റേതായ ചില രീതികളുണ്ട്.

അപ്പൂസിന്റെ അച്ഛൻ സുരേഷ് കേവലയുക്തിവാദിയാണ്.  ശാസ്ത്രീയമായ പഠനങ്ങളെയും, വസ്തുനിഷ്ഠമായ വാദങ്ങളെയും, നിഷ്പക്ഷമായ ചരിത്രപഠനത്തെയും പിന്തുണയ്ക്കുന്ന സുരേഷിനു് ഫിലോസഫി, സാഹിത്യം, ആത്മീയത, ഇൻസ്പിറേഷണൽ കഥകൾ തുടങ്ങിയവയിൽ കാര്യമായ താത്പര്യമില്ല.  ശാസ്ത്രസാഹിത്യപരിഷത്തിന്റെയും യുക്തിവാദസംഘടനയുടെയും പ്രവർത്തകൻ.  എഞ്ചിനീയർ.

അപ്പൂസിന്റെ അമ്മ രഞ്ജിനി ഈശ്വരവിശ്വാസിയാണ്.  എങ്കിലും താൻ അന്ധവിശ്വാസിയല്ല എന്നു് അഭിമാനിക്കുന്ന രഞ്ജിനി മാനവികതയെ പിന്തുണയ്ക്കുന്ന ഒരു ഉപകരണമായി മാത്രമേ ശാസ്ത്രത്തെ കാണുന്നുള്ളൂ.  സ്വന്തമായി ഒരു ബ്ലോഗില്ലെങ്കിലും, മലയാളത്തിലെ ബ്ലോഗുകൾ മിക്കവയും സ്ഥിരമായി വായിക്കുകയും മിക്കവാറും ബ്ലോഗുകളിൽ സ്ഥിരമായി കമന്റിടുകയും ചെയ്യുന്ന ആൾ.  ബ്ലോഗുകൾ കൂടാതെ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ടെലിവിഷൻ സീരിയലുകൾ തുടങ്ങിയവയിലും അപ്-റ്റു-ഡേറ്റ്.  ആർഷസംസ്കാരത്തിലും ഭാരതീയപൈതൃകത്തിലും ഏറെ അഭിമാനിക്കുന്ന രഞ്ജിനി, ജ്യോതിഷം, വാസ്തുവിദ്യ, ആയുർവേദം, സംസ്കൃതഭാഷ തുടങ്ങിയവയെപ്പറ്റി കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണെന്നു വിശ്വസിക്കുന്നു.

തികച്ചും വിഭിന്നമായ അഭിപ്രായങ്ങളുള്ള മാതാപിതാക്കളുടെ തർക്കങ്ങൾക്ക് സ്വീകാര്യമായ ഉത്തരം പലപ്പോഴും അപ്പൂസിനു കിട്ടുന്നതു് രാമതീർത്ഥൻ മാഷിന്റെ അടുത്തു നിന്നാണ്.  റിട്ടയേർഡ് മലയാളം അദ്ധ്യാപകനായ തീർത്ഥൻ മാഷാണു് അപ്പൂസിന്റെ ഏറ്റവും വലിയ സുഹൃത്ത്.  ഗാന്ധിയനും കവിയും സംസ്കൃതപണ്ഡിതനുമായ മാഷ് പക്ഷേ എല്ലാ കാര്യങ്ങളിലും തത്പരനാണ്.  കുട്ടികളോടു ചേർന്നു് ക്രിക്കറ്റു കളിക്കാനും, തന്റെ അഭിപ്രായങ്ങളോടു് എതിർപ്പുള്ളവരോടു സമചിത്തതയോടെ സംസാരിച്ചിരിക്കാനും, നാട്ടിലെ എല്ലാ സാംസ്കാരികപ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങാനും മാഷുണ്ട്.

ഇവരെക്കൂടാതെ  ഉപദേശിയായ അച്ചൻകുഞ്ഞ്, അപ്പൂസിന്റെ കളിക്കൂട്ടുകാർ, തീർത്ഥൻ മാഷിന്റെ മക്കൾ – അമേരിക്കയിൽ എഞ്ചിനീയറായ മകൻ, ഡൽഹിയിൽ ഗവേഷണം നടത്തുന്ന മകൾ – തുടങ്ങി പലരും ഇടയ്ക്കിടെ എത്തുന്നുണ്ട്.

ഡയലോഗ്സ് എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ ഗഹനമായ ശാസ്ത്രതത്ത്വങ്ങൾ വിശദീകരിക്കാൻ സംഭാഷണം ഉപയോഗിച്ച ഗലീലിയോ ആണു് ഇതിന്റെ പ്രചോദനം.  പരസ്പരം ബന്ധമുള്ള കഥാപാത്രങ്ങളുടെ സംഭാഷണം മൂലം സാമൂഹികപ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന മോളമ്മയുടെ ഇല്ലനക്കരി എന്ന ബ്ലോഗും.

എന്റെ മറ്റു ബ്ലോഗുകളെപ്പോലെ തന്നെ, ഇതിലും സമയം GMT-യിലാണു്.  സ്പാം ഫിൽട്ടറിംഗിനായി പുതിയ ഒരു പരീക്ഷണം നടത്തുന്നു.  അതു ശരിയായില്ലെങ്കിൽ മറ്റു ബ്ലോഗുകളെപ്പോലെ ന്യൂമറിക് കാപ്ച ഉപയോഗിക്കും.  വേർഡ്പ്രെസ്സ് 3.3 ആണു് ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം.

സോ, മൈ ഡിയർ റീഡേഴ്സ്, ഇറ്റ്സ് സോ എലിമെന്ററി…


16 thoughts on “എലിമെന്ററി, മൈ ഡിയർ റീഡേഴ്സ്…

  1. കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

  2. തികച്ചും വ്യതസ്തമായ ഒരു ശ്രമം …എല്ലാ ആശംസകളും

    • ഇൻസ്പിറേഷൻ എന്താണെന്നു പോസ്റ്റിൽത്തന്നെ ഉണ്ടല്ലോ. അതല്ലാതെ എന്തു്? കാൽവിനു മനസ്സിലായെങ്കിലും എനിക്കു മനസ്സിലായില്ല :)

      (ഇനി ഡിങ്കഭഗവാൻ ആണു് ഇൻസ്പിറേഷൻ എന്നാണോ? :) )

  3. പോരട്ടേ, പോരട്ടേ, ഒത്തിരി ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

  4. കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു…അഭിപ്രായം പിന്നെ പറയാം :)

    • പോസ്റ്റുകൾ സബ്സ്ക്രൈബ് ചെയ്യാൻ ഒരു പേജ് ചേർത്തിട്ടുണ്ടു്. ബ്ലോഗിന്റെ മുകളിൽ നോക്കുക. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക.

  5. നന്നായൊന്നു മുട്ടാന്‍ പകത്തിലരെം കിട്ടുനില്ലാ ഉമേഷേട്ടാ, അപ്പൂസെങ്കില്‍ അപ്പൂസ് 😉

  6. അതെന്താ അപ്പൂസിന്റെ അമ്മക്ക് എഞ്ചിനീയറിങ്ങ് ജോലി പറ്റില്ലേ? അപ്പൂസിന്റെ അമ്മ സ്ഥിരം സീരിയൽ കാണുന്നുവെങ്കിൽ സുരേഷ് സ്ഥിരം പോൺ കാണുന്നു എന്നോ കൂട്ടുകാരോട് സൊറ പറഞ്ഞു സമയം കൊല്ലുന്നു എന്നോ ഇല്ലാത്തത്? ഇതാണോ എത്ര പുസ്തകങ്ങൾ വായിച്ചാലും എത്ര കണക്കുകൾ കൂട്ടിയാലും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ഷൊവനിസം എത്ര തേച്ചാലും മാച്ചാലും എത്ര പുത്തുനുനുടുപ്പുകൾ ഇട്ടാലും എത്ര ബ്ലോഗുകൾ എഴുതിയാലും പോവില്ല എന്നുള്ളതിന്റെ ഉദാഹരണം? ഇലനക്കരി ഇൻസ്പിരേഷൻ ഉണ്ടെങ്കിൽ മിനിമം ഈ സ്ഥിരം സ്ത്രീ സീരിയൽ ലൈൻ എങ്കിലും ഒന്നു മാറ്റി പിടിക്കരുതോ? എലമെന്ററി ഇതൊക്കെ തന്നെയല്ലേ വാട്ട്സൺ ചേട്ടാ?

  7. ഒരു പോസ്റ്റല്ലേ ആയുള്ളൂ ഒരു പേരേ? ഇതിലുള്ള കഥാപാത്രങ്ങളൊക്കെ ഇങ്ങനെയാണു്. വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ ഇനി വരും. അഞ്ചാറു പോസ്റ്റുകൾ വായിച്ചിട്ടു് ഇനിയും നിരൂപണം നടത്തണേ. നന്ദി!

  8. നിങ്ങൾ എത്ര പോസ്റ്റുകളോ, വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ കൊണ്ടു വരുകയോ വരാതിരിക്കുകയോ ചെയ്യൂ, അതു നിങ്ങളുടെ ഇഷ്ടം.
    ഇവിടെ ഈ ബ്ലോഗിൽ നിങ്ങൾ എലമെന്ററി എന്ന് കൊടുത്തിരിക്കുന്ന മറ്റുള്ളവർക്ക് പല വിധത്തിൽ കാണാൻ സാധിക്കുന്ന എന്നെല്ലാം എഴുതി വിടുകയും കുറച്ച് കഥാപാത്രങ്ങളെ ആദ്യമേ നിർമ്മിച്ചിരിക്കുകയും ചെയ്യുന്നു. അതിലെ സ്ത്രീ കഥാപാത്രത്തെ തികച്ചും സ്റ്റീര്യോടിപ്പിക്കലായി ചിത്രീകരിച്ചിരിക്കുന്നു. തുടക്കം തന്നെ പിഴച്ചിരിക്കുന്നു. പൊതുവേയുള്ള കേരള സമൂഹത്തിന്റെ ആൺബോധങ്ങളിൽ ഒരു വൃത്തികെട്ട ഭാഗം വ്യക്തമായി പ്രദർശിപ്പിച്ചതിനു ശേഷം ഇലനക്കരി പോലെ ഒരു സ്ത്രീപക്ഷ ബ്ലോഗ് ചൂണ്ടിക്കാട്ടി അപഹസിക്കുക കൂടി ചെയ്യുന്നു. സ്ത്രീകഥാപത്രങ്ങൾ നിർമ്മിക്കുമ്പോൾ അവളല്പം കുറഞ്ഞ് ഇരുന്നോട്ടെ അല്ലേ? അതിനാണ് ചോദ്യം ചോദിച്ചതും കമന്റ് ഇട്ടതും. അല്ലാതെ നിങ്ങൾ ഇനി കൊണ്ടുവരാനിരിക്കുന്നവരുടെ ജാതകമല്ല ചോദിച്ചത്.

    സ്ത്രീകളെക്കുറിച്ച് മനസ്സിലുള്ളത് എഴുതാൻ നിങ്ങൾക്ക് അവകാശമുണ്ട്. പിന്നീട് ഉരുണ്ട് കളിക്കാനും. നിങ്ങളുടെ ഹിപ്പോക്രസിയാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *